ശ്രീരാമന്‍റെ കൈക്കരുത്തിൽ ശിവധനുസ്സ് ഒടിഞ്ഞുവീഴുന്നു

ശ്രീരാമന്‍റെ കൈക്കരുത്തിൽ ശിവധനുസ്സ് ഒടിഞ്ഞുവീഴുന്നു

വിശ്വാമിത്രന്‍റെ യാഗരക്ഷക്കു ശേഷം ശ്രീരാമനും ലക്ഷ്മണനും മഹർഷിയോടോപ്പം മിഥിലയിൽ വന്നുചേർന്നു. വഴിയിൽ താടകയെ വധിക്കുകയും അഹല്യയ്ക്ക് ശാപമോക്ഷം കൊടുക്കുകയും ഉണ്ടായി. മിഥിലയിൽ ജനകരാജാവ് അവരെ ആദരപൂർവ്വം സ്വീകരിച്ചു.

വിശ്വാമിത്രൻ ജനകനോട് പറഞ്ഞു, 'മഹാരാജൻ, ദശരഥപുത്രന്മാരാണ് ഈ കുമാരന്മാർ. വീരന്മാരും ധനുർവ്വേദത്തിൽ സമർത്ഥന്മാരുമാണ്. അങ്ങയുടെ പക്കലുള്ള വിശിഷ്ടമായ ശിവധനുസ്സ് കാണുവാൻ ആഗ്രഹിക്കുന്നു.'

ജനകൻ ശിവധനുസ്സിന്‍റെ ചരിത്രം പറഞ്ഞു, 'പരമശിവൻ ദക്ഷയാഗം നശിപ്പിക്കാനായി കുലച്ച വില്ലാണിത്. തന്‍റെ യജ്ഞഭാഗം അനുവദിക്കാത്തതിന് കൂട്ടുനിന്ന ദേവന്മാർക്ക് നേരെ ഭഗവാൻ തിരിഞ്ഞപ്പോൾ അവർ ഭഗവാനെ സ്തുതികൾകൊണ്ട് ശാന്തനാക്കി. അപ്പോൾ ഭഗവാൻ അവർക്ക് സമ്മാനിച്ച ധനുസ്സാണിത്. 

ദേവന്മാരിൽനിന്നും ഇത് എന്‍റെ പൂർവികരുടെ പക്കൽ വന്നുചേർന്നു.’ 

തുടർന്ന് ജനകൻ സീതയുടെ ജന്മകഥ പറഞ്ഞു, 'വർഷങ്ങൾക്കുമുമ്പ് ഒരു യാഗത്തിനായി ഭൂമി ഉഴുതപ്പോൾ കലപ്പയുടെ അഗ്രഭാഗത്ത് ഉരു പെൺകുഞ്ഞ് ഉടലെടുത്തു. അവളെ ഞാൻ എന്‍റെ സ്വന്തം കുഞ്ഞിനെപ്പോലെ വളർത്തി. വിവാഹപ്രായമായപ്പോൾ പല രാജാക്കന്മാരും അവൾക്കായി എന്നെ സമീപിച്ചു. എന്നാൽ ഞാൻ ഒരു നിബന്ധന വെച്ചു - ശിവധനുസ്സ് എടുത്തു കുലക്കുന്നയാൾക്കേ ഞാൻ എന്‍റെ മകളെ വിവാഹം കഴിച്ചു കൊടുക്കൂ, എന്ന്. അവരിലാർക്കും കുലയ്ക്കുന്നത് പോകട്ടേ ആ ധനുസ്സ് ഒന്നിളക്കാൻ പോലും കഴിഞ്ഞിട്ടില്ല.’

'അപമാനിതരായ രാജാക്കന്മാർ സംഘം ചേർന്ന് ഒരു വർഷത്തോളം മിഥിലയെ വളഞ്ഞുവെച്ചു. ഒടുവിൽ ദേവന്മാർ അവരുടെ സേനയെ അയച്ചുതന്നാണ് മിഥിലയെ രക്ഷിച്ചത്.'

'ശിവധനുസ്സ് രാമന്  തീർച്ചയായും ഞാൻ കാണിച്ചുകൊടുക്കാം. അതെടുത്ത് കുലയ്ക്കാൻ കഴിഞ്ഞാൽ സീതയെ വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യാം.'

'രാമന് ആ വില്ലൊന്നു കാണിച്ച് കൊടുക്കൂ' എന്ന് പറഞ്ഞ് വിശ്വാമിത്രൻ മന്ദഹസിച്ചു.

ജനകൻ ശിവധനുസ്സ് കൊണ്ടുവരാൻ ആജ്ഞാപിച്ചു. അയ്യായിരം ഭടന്മാർ ചേർന്ന് എട്ട് ചക്രമുള്ള ഒരു ഇരുമ്പ് പേടകത്തിൽ വെച്ചിരുന്ന ആ വില്ല് ഒരു വിധത്തിൽ ഉന്തിത്തള്ളി മുന്നിലെത്തിച്ചു. ദേവന്മാർക്കോ, അസുരന്മാർക്കോ, യക്ഷന്മാർക്കോ, ഗന്ധർവന്മാർക്കോ, രാക്ഷസന്മാർക്കോ ആർക്കും തന്നെ ആ വില്ലൊന്നനാക്കാൻ പോലും സാധിച്ചിട്ടില്ല.

ഭഗവാൻ രാമൻ സവിനയം വിശ്വാമിത്രനോട് ചോദിച്ചു, 'ഞാനിതൊന്ന് തൊട്ടോട്ടെ, കുലയ്ക്കുവാൻ ഒന്ന് ശ്രമിച്ചോട്ടെ?'

വിശ്വാമിത്രൻ അനുമതി നൽകി.

ഭഗവാൻ  ആ വില്ലെടുത്ത് ഒറ്റ നിമിഷത്തിൽ അത് വളച്ച് ഞാൺ ഏറ്റി. ഭഗവാന്‍റെ കൈക്കരുത്ത് താങ്ങാനാകാതെ ഭൂമിയാകെ കുലുക്കി ഇടിനാദം പോലെ ശബ്ദത്തോടെ വില്ല് രണ്ടായൊടിഞ്ഞു വീണു. പലരും ആ പ്രകമ്പനത്തിൽ മോഹാലസ്യപ്പെട്ട് വീണു. 

ജനകൻ വിശ്വാമിത്രനോട് പറഞ്ഞു, 'രാമന്‍റെ അചിന്ത്യമായ വിക്രമം ഞാൻ കണ്ടു. എന്‍റെ മകൾ സീത രാമനുള്ളവൾ തന്നെ'.

ശുഭവാർത്തയുമായി ജനകൻ ദശരഥന്‍റെ പക്കലേക്ക് ദൂതന്മാരെ അയച്ചു. വിവാഹത്തിനുള്ള ഏർപ്പാടുകൾ ആരംഭിച്ചു.

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...