മാ നിഷാദ

മാ നിഷാദ

വാൽമീകി മഹർഷി ആവശ്യപ്പെട്ടതുപ്രകാരം ദേവർഷി നാരദൻ ശ്രീരാമചന്ദ്രചരിതം അദ്ദേഹത്തിന് നൂറ് ശ്ലോകങ്ങളിൽ സംക്ഷേപമായി പറഞ്ഞുകൊടുത്തു. നാരദൻ പോയതിനുശേഷം വാൽമീകി തന്‍റെ ശിഷ്യനായ ഭരദ്വാജനുമൊരുമിച്ച് തമസാ നദിക്കരയിൽ നിത്യാനുഷ്ഠാനങ്ങൾ നിർവഹിക്കാനായി പോയി.

തമസാനദീതീരത്തിൽ വാൽമീകി കളകൂജനത്തോടെ ഇണചേരാൻ മുതിർന്നിരിക്കുന്ന രണ്ട്  ക്രൌഞ്ചപ്പക്ഷികളെ കണ്ടു. കൗതുകത്തോടെ മഹർഷി നോക്കിക്കൊണ്ടിരിക്കെ, ഒരു വേടൻ  അതിൽ ആൺപക്ഷിയെ എയ്തുവീഴ്ത്തി. ആൺപക്ഷി ചോരവാർന്ന് കിടന്ന് പിടയുന്നതു കണ്ട് പെൺപക്ഷി ദീനദീനം കരഞ്ഞു  അമ്പേറ്റ് ക്രമേണ ചലനരഹിതനായ ആൺപക്ഷിയേയും, വിലപിക്കുന്ന പെൺപക്ഷിയേയും കണ്ട് വാൽമീകി വേടനെ ശപിച്ചു -

'മാ നിഷാദ പ്രതിഷ്ഠാം ത്വമഗമഃ ശാശ്വതീ: സമാ:

യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം'

'ഹേ, വേടാ, കാമമോഹിതരായ ക്രൌഞ്ചപ്പക്ഷികളിൽ  ഒന്നിനെ നീ നിഗ്രഹിച്ചതിനാൽ, അനശ്വരമായ ജീവിതം നിനക്കും ലഭിയ്ക്കുന്നതല്ല (അഥവാ ജീവിക്കുവാൻ തന്നെ നീ അർഹനല്ല).'

എന്നാൽ എന്താണിവിടെ ഒരു ശാപം കിട്ടാൻ മാത്രം വേടൻ ചെയ്ത തെറ്റ്? വേട്ടയാടൽ വേടന്‍റെ സഹജമായ ധർമ്മമല്ലേ? അവൻ ആഹാരത്തിന് വേണ്ടിയല്ലേ വേട്ടയാടുന്നത്?

വേട്ടയാടുന്നതോ ജീവികളെ കൊല്ലുന്നതോ അല്ല ഇവിടെ പാപം.  വാൽമീകിയുടെ ശാപത്തിൽ അത് വ്യക്‌തമായിപ്പറയുന്നു - 'കാമമോഹിതം' - കാമാതുരരായി ഇണ ചേരാൻ മുതിർന്നിരുന്ന ഇണപ്പക്ഷികളിൽ ഒന്നിനെ കൊന്നു എന്നതാണ് വേടൻ ചെയ്ത പാപം.

മഹാഭാരതത്തിൽ പാണ്ഡുവിനെ ഋഷി ശപിച്ചപ്പോൾ അദ്ദേഹം കാരണം വ്യക്‌തമാക്കിക്കൊടുത്തു. രാജാവ് വേട്ടയാടുന്നതിൽ തെറ്റൊന്നുമില്ല. അത് ക്ഷത്രിയധർമ്മമാണ്. പക്ഷെ മാൻ രൂപമെടുത്ത് ഇണ ചേരാൻ തയ്യാറെടുത്തുകൊണ്ടിരുന്ന ഋഷിയുടെയും പത്നിയുടെയും നേരെയാണ് പാണ്ഡു അമ്പെയ്തത്‌. 

വംശവൃദ്ധിക്കായി ഇണ ചേരുന്നത് പ്രകൃതിധർമ്മമാണ്. അതിനെ തടസപ്പെടുത്തുന്നത് വലിയ പാപവും.

ധർമ്മശാസ്ത്രവും ഭാര്യാഭർത്താക്കന്മാരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നത് ഒരു വലിയ പാപമായി കണക്കാക്കുന്നു.

 

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...