അനുസരണയുടെ പ്രാധാന്യം

അനുസരണയുടെ പ്രാധാന്യം

മഹാഭാരതത്തിലെ ഈ കഥ പണ്ടത്തെ ഗുരുകുലസമ്പ്രദായത്തെക്കുറിച്ചുള്ളതാണ്. വേദം പോലെയുള്ള സങ്കീർണ്ണമായ വിഷയങ്ങൾ പഠിക്കാൻ വേണ്ട ചില ഗുണങ്ങൾ ഇത് നമുക്ക് കാട്ടിത്തരുന്നു. ഇതിൽ പ്രധാനമാണ് അനുസരണാശീലം. ഗുരുവിനെ സംശയിക്കാതെ കണ്ണടച്ച് അനുസരിക്കണം. ഇപ്പോളുള്ളതുപോലെ അധ്യാപകന്‍റെ കഴിവുകളേയും ഉദ്ദേശ്യങ്ങളെയും സംശയിച്ചുകൊണ്ടിരുന്നാൽ ആയുസ്സ് കടന്നുപോകും, പക്ഷെ ജ്ഞാനം നേടാനാവില്ല.

ധൗമ്യൻ എന്നൊരു മഹർഷിയുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മൂന്ന് ശിഷ്യന്മാരിൽ ഒരുവനായിരുന്നു ആരുണി.

ഒരിക്കൽ ധൗമ്യൻ ആരുണിയോട് പറഞ്ഞു, 'പാടത്ത് വരമ്പ് പൊട്ടി വെള്ളം പുറത്തുപോകുന്നു. പോയി അത് ശരിയാക്ക്.'

ആരുണി ഉടനെ പാടത്തേക്ക് ഓടി. വളരെ പണിപ്പെട്ടിട്ടും നടക്കാത്തപ്പോൾ ആരുണി ഒരു സൂത്രം പ്രയോഗിച്ചു. വരമ്പിന്‍റെ സ്ഥാനത്ത് കിടന്ന് വെള്ളം തടഞ്ഞു നിർത്തി. കുറെ നേരമായിട്ടും ആരുണിയെ കാണാതായപ്പോൾ ധൗമ്യനും മറ്റ് ശിഷ്യന്മാരും അവനെ തേടിയിറങ്ങി.

പാടത്തെത്തിയപ്പോൾ ആരുണി വരമ്പിന്‍റെ സ്ഥാനത്ത് കിടക്കുന്നു.

ധൗമ്യൻ ചോദിച്ചു, 'നീ എന്താണീ ചെയ്യുന്നത്?'

'ഗുരോ, അങ്ങ് പറഞ്ഞില്ലേ വെള്ളം തടഞ്ഞു നിർത്താൻ. ഞാൻ മറ്റൊരു വഴിയും കണ്ടില്ല.'

'ശരി, എഴുന്നേറ്റു വാ.'

ആരുണി എഴുന്നേറ്റു. വെള്ളം പഴയതുപോലെ പുറത്തേക്ക് ഒഴുകാൻ തുടങ്ങി.

ഇതാണ് അനുസരണ.

അല്ലാതെ ആരുണി ചോദിച്ചില്ല, 'ഞാൻ എഴുന്നേറ്റാൽ വെള്ളം വീണ്ടും പുറത്തേക്ക് ഒഴുകില്ലേ?'

കണ്ണടച്ചുള്ള അനുസരണ.

വെള്ളം പൊട്ടിയൊഴുകുന്നത് നിർത്താൻ പറഞ്ഞു, നിർത്തി.

എഴുന്നേറ്റ് വരാൻ പറഞ്ഞു, എഴുന്നേറ്റ് വന്നു.

ഗുരു ചിന്തിക്കാനോ മനനം ചെയ്യാനോ പറയുമ്പോൾ മാത്രം ചെയ്യുക.

ഇങ്ങനെ ആയിരുന്നു പണ്ടത്തെ ഗുരുകുല സമ്പ്രദായം.

എത്രയെത്ര ജ്ഞാനികളേയും ആചാര്യന്മാരേയും ചിന്തകന്മാരെയും ആണ് അത് സൃഷ്ടിച്ചത് !

ഇത്തരത്തിലുള്ള അനുസരണയും അച്ചടക്കവും അർപ്പണബോധവും ഉണ്ടെങ്കിൽ മാത്രമേ അത് സാദ്ധ്യമാകുമായിരുന്നുള്ളൂ.

ഒരു കാര്യം ശ്രദ്ധിക്കണം. ഇത് ഇരുപത്തിനാല് മണിക്കൂറും വർഷങ്ങളോളം ശിഷ്യന്മാരെ കൂടെ താമസിപ്പിച്ച് അവരെ നിരീക്ഷിച്ച് അവർക്ക് ജ്ഞാനം പകർന്ന് നൽകുന്ന ഗുരുക്കന്മാരെ പറ്റിയാണ്. പരസ്യത്തിലൂടെ ശിഷ്യന്മാരെ ആകർഷിച്ച് അവർക്ക് ആത്മീയ കോഴ്‌സുകൾ വിൽക്കുന്ന ഗുരുക്കന്മാരെ പറ്റിയോ മണിക്കൂറുകളോളം ക്യൂ നിന്ന് ഗുരുപാദങ്ങളുടെ ദർശനം നേടി സായൂജ്യമടയുന്ന ശിഷ്യന്മാരെ പറ്റിയോ അല്ല.

മലയാളം

മലയാളം

ഇതിഹാസങ്ങൾ

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...