മാണ്ഡൂകി എന്നൊരു ഋഷിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പത്‌നി ഇതര. അവർ വളരെ ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്. ഒരു കുഞ്ഞിക്കാല് കാണാനായി അവർ വളരെക്കാലം പൂജകളും പ്രാർത്ഥനകളും ചെയ്‌തു. ഒടുവിൽ ഈശ്വരകൃപയാൽ അവർക്കൊരു ആൺകുഞ്ഞു പിറന്നു. ഇതരയുടെ മകനായതിനാൽ അവൻ ഐതരേയൻ എന്ന് വിളിക്കപ്പെട്ടു, അർജുനൻ കൗന്തേയൻ എന്നപോലെ.
മറ്റ് കുഞ്ഞുങ്ങളുടെ വായിൽനിന്നും 'അമ്മ' എന്ന് ആദ്യവാക്ക് പുറത്തുവരുന്ന സ്ഥാനത്ത് ഐതരേയൻ 'വാസുദേവാ ' എന്നാണാദ്യം പറഞ്ഞത്. എട്ടു വയസ് വരെ ഐതരേയൻ വാസുദേവനാമം മാത്രമേ പറഞ്ഞുള്ളൂ. എപ്പോഴും 'വാസുദേവാ വാസുദേവാ' എന്നു മാത്രം ഉരുവിട്ടുകൊണ്ടിരിക്കും. അധികസമയവും അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചിലവഴിക്കും.
എല്ലാവരും പറഞ്ഞു ഐതരേയൻ ഒരു ദിവ്യബാലനാണെന്ന്. പക്ഷെ മാണ്ഡൂകിക്ക് വേവലാതിയായി. ഉപനയനം നടത്തി വേദം ചൊല്ലിക്കൊടുക്കാൻ നോക്കി. എന്നാൽ ഐതരേയൻ വാസുദേവനാമം അല്ലാതെ മറ്റൊന്നും തന്നെ പറയില്ല. തന്‍റെ വൈദിക പരമ്പര നിലനിർത്താൻ വേറെ വഴിയില്ലെന്ന് കണ്ട മാണ്ഡൂകി വീണ്ടും വിവാഹം കഴിച്ചു. അതിലുണ്ടായ കുഞ്ഞുങ്ങളെ വേദം അഭ്യസിപ്പിച്ചു.
ഇതരയും മകനും മെല്ലെ മെല്ലെ അവഗണിക്കപ്പെടാൻ തുടങ്ങി. നാട്ടുകാരും അവരെ പരിഹസിക്കാനും ഉപദ്രവിക്കാനും തുടങ്ങി. ഒരു ദിവസം മനം നൊന്ത് ഇതര ക്ഷേത്രത്തിലേക്ക് ചെന്നു . അവിടെ വാസുദേവനാമം ഉരുവിട്ടുകൊണ്ടിരുന്ന ഐതരേയനോട് കരഞ്ഞ് ചോദിച്ചു, 'നീയെന്താ ഇങ്ങനെ? എത്ര വലിയ വിപത്താണ് നീ നമുക്ക് രണ്ടുപേർക്കും മേൽ വരുത്തിവെച്ചിരിക്കുന്നത്.'
അന്നാദ്യമായി ഐതരേയൻ സംസാരിച്ചു, 'അമ്മേ വിഷമിക്കേണ്ട, പ്രശംസകളിലും നിന്ദകളിലുമൊന്നും ഒരു കാര്യവുമില്ല. ഈ ലോകം തന്നെ ഒരു മിഥ്യയാണ്.'
ഇതര കരച്ചിൽ തുടർന്നു . ഐതരേയൻ പറഞ്ഞു, 'ഒരു ദിവസം ഞാൻ അമ്മയെ സന്തോഷിപ്പിക്കും.'
ഈ സമയത്ത് വിഗ്രഹത്തിൽനിന്നും പുറത്തുവന്ന് ഭഗവാൻ അവരുടെ മുമ്പിൽ പ്രത്യക്ഷപെട്ടു.
ആശ്ചര്യചകിതരായി നിന്ന ഐതരേയനോടും അമ്മയോടും രാമേശ്വരത്തിൽ ഹരിമേധൻ നടത്തുന്ന യജ്ഞവേദിയിലേക്ക് ചെല്ലാൻ ഭഗവാൻ നിർദ്ദേശിച്ചു.
യജ്ഞവേദിയിലെത്തിയ ഐതരേയൻ, ' തന്റെ മായാശക്‌തി മൂലം നമ്മെയെല്ലാം ഭ്രമിപ്പിച്ച് കർമ്മം ചെയ്യാൻ പ്രേരിപ്പിക്കുന്ന സർവശക്തനായ ഭഗവാൻ വിഷ്ണുവിന് നമസ്കാരം.' എന്നുറക്കെപ്പറഞ്ഞു.
ഇത് കേട്ട അവിടെയുണ്ടായിരുന്ന പണ്ഡിതന്മാർക്കെല്ലാം ഐതരേയൻ ഒരു സാധാരണ ബാലനല്ലെന്ന് മനസ്സിലായി. അവർക്ക് മുമ്പിൽ ഐതരേയൻ എല്ലാവർക്കുമറിയാവുന്നതും ഇതുവരെ ആരും കേട്ടിട്ടില്ലാത്തതുമായ വേദഭാഗങ്ങൾ ചൊല്ലിക്കേൾപ്പിച്ചു.എല്ലാവരും ഐതരേയന്‍റെ ജ്ഞാനത്തെ വാനോളം പുകഴ്ത്തി.
പിന്നീട് ഹരിമേധൻ ഐതരേയന് തന്‍റെ മകളെ വിവാഹം കഴിച്ചുകൊടുത്തു. ഋഗ്വേദത്തിലെ ഐതരേയ ബ്രാഹ്മണത്തിലൂടെ ആ ഭഗവദ്ഭക്തൻ പ്രശസ്തനായ ഋഷിയായിത്തീർന്നു.
പാഠങ്ങൾ
1. നാമസങ്കീർത്തനത്തിന്‍റെ ശക്തി അപാരമാണ്. അതൊന്നുകൊണ്ട് മാത്രമാണ് ഐതരേയൻ ദിവ്യജ്ഞാനം നേടി ഋഷിയായിത്തീർന്നത്.
2. പ്രശംസകളും നിന്ദകളും അപ്രസക്തങ്ങളാണെന്ന് ഐതരേയൻ നമ്മെ പഠിപ്പിക്കുന്നു.
3. ഭഗവാന് ദിവ്യമായ ഒരു പദ്ധതിയുണ്ട്. അതിൽ വിശ്വസിക്കുക.
Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta