ഹിന്ദു കുടുംബജീവിതം: പരമ്പരാഗത മൂല്യങ്ങളുടെയും ആത്മീയതയുടെയും അടിത്തറ

ഹിന്ദു കുടുംബജീവിതം: പരമ്പരാഗത മൂല്യങ്ങളുടെയും ആത്മീയതയുടെയും അടിത്തറ

പുരാതന സംസ്കാരത്തിന്‍റെയും ആത്മീയ ജ്ഞാനത്തിന്‍റെയും അടിത്തറയിൽ ഉയർന്നുനിൽക്കുന്ന ഹിന്ദു കുടുംബജീവിതം, സാമൂഹ്യ സൌഹാർദ്ദം, പരസ്പര ആദരവ്, നൈതിക ഉത്തരവാദിത്വം എന്നിവയുടെ ഒരു ആദർശ മാതൃകയാണ്. ഈ തത്വങ്ങൾ തലമുറകളെ പോഷിപ്പിക്കുകയും കർത്തവ്യം, ഭക്തി, മാനുഷിക മൂല്യങ്ങൾ എന്നിവയെ സമന്വയിപ്പിക്കുകയും ചെയ്യുന്നു

ധർമ്മം: കുടുംബത്തിന്‍റെ മാർഗ്ഗദർശി 

ഹിന്ദു കുടുംബജീവിതത്തിന്‍റെ കാതലായി നിലകൊള്ളുന്നത് ധർമ്മമാണ് - പ്രപഞ്ചത്തിന്‍റെയും സമൂഹത്തിന്‍റെയും ക്രമം നിലനിർത്താനുള്ള നൈതികബാധ്യതയാണ് സന്താനോത്പ്പാദനത്തിലൂടെ വംശം നിലനിർത്തുക എന്നുള്ളത്  പിതൃക്കളോടുള്ള ഋണം വീട്ടാനായി ഇത് അത്യന്താപേക്ഷിതമാണ്. മരണാനന്തരവും തുടർന്ന് വർഷം തോറും ഉള്ള ചടങ്ങുകൾ ചെയ്യാൻ വംശം തുടരണം എന്നത് അത്യാവശ്യമാണ്. മനുസ്മൃതി പറയുന്നതുപോലെ, കുട്ടികളുണ്ടാകണം എന്നത് വ്യക്തിപരമായ ആഗ്രഹമല്ല, മറിച്ച് പൂർവ്വികരോടുള്ള  ഒരു ധാർമ്മിക ഉത്തരവാദിത്തമാണ്.

വിവാഹം: ഐക്യത്തിന്‍റെ മംഗളകർമ്മം

വേദങ്ങൾ പറയുന്നത് ഭാര്യയും ഭർത്താവുമായുള്ള ബന്ധം സൗഹൃദമാണ് എന്നാണ്. രണ്ടു പേർക്കും തുല്യമായ സ്ഥാനവുമാണ്. ധർമ്മാചരണത്തിൽ ഭർത്താവിന്‍റെ സഹചാരിയായ ഭാര്യയെ സഹധർമ്മിണി എന്നാണ് വിളിക്കുന്നത്. മനു പറയുന്നു, 'പുരുഷനെന്നാൽ പുരുഷൻ മാത്രമല്ല. പുരുഷനും സ്ത്രീയും സന്താനവും ചേർന്നതാണ് പുരുഷൻ.'

വിഷ്ണു പുരാണം ഭാര്യാഭർതൃബന്ധത്തെ മനോഹരമായി വർണ്ണിക്കുന്നുണ്ട് - 

അവൻ വിഷ്ണുവാണെങ്കിൽ അവൾ ലക്ഷ്മിയാണ്, അവൾ വാക്കാണെങ്കിൽ അവൻ അതിന്‍റെ അർത്ഥമാണ്, അവൻ ബുദ്ധിയാണെങ്കിൽ അവൾ വിവേകമാണ്, അവൻ നിയമമാണെങ്കിൽ അവൾ യുക്തിയാണ്, അവൾ സംഗീതമാണെങ്കിൽ അവൾ ശ്രുതിയാണ്, അവൻ ശക്‌തിയാണെങ്കിൽ അവൾ സൗന്ദര്യമാണ്, അവൻ കൊടിമരമാണെങ്കിൽ അവൾ കൊടിയാണ്, അവൻ സമുദ്രമാണെങ്കിൽ അവൾ തീരമാണ്, അവൻ അധികാരമാണെങ്കിൽ അവൾ കർത്തവ്യമാണ്, അവൾ അഗ്നിയാണെങ്കിൽ അവൻ ഇന്ധനമാണ്, അവൻ വിളക്കാണെങ്കിൽ അവൻ പ്രകാശമാണ്, അവൻ ആത്മാവാണെങ്കിൽ അവൾ ശരീരമാണ്...

കൂട്ടുകുടുംബത്തിന്‍റെ പ്രായോഗികത

തലമുറകൾ ഒന്നിച്ചുവസിക്കുന്ന കൂട്ടുകുടുംബവ്യവസ്ഥ ഉത്തമ സാമൂഹ്യജീവിതത്തിന്‍റെ ഉദാഹരണമാണ്. മൂന്നോ നാലോ തലമുറകളടങ്ങിയ കൂട്ടുകുടുംബം സമൂഹത്തിന്‍റെ ഏറ്റവും ചെറിയ ഘടകമായി കണക്കാക്കപ്പെടുന്നു. പ്രതിസന്ധികളിൽ പിന്തുണ, പങ്കുവെക്കപ്പെടുന്ന ഉത്തരവാദിത്തങ്ങൾ, വൈകാരികമായ അടുപ്പം, സാംസ്കാരിക മൂല്യങ്ങളുടെ സംരക്ഷണം തുടങ്ങിയവ കൂട്ടുകുടുംബത്തിന്‍റെ ഗുണങ്ങളാണ്.

സ്ത്രീകൾ: ഗൃഹത്തിന്‍റെ ആത്മാവ്

ന ഗൃഹം ഗൃഹമിത്യാഹുഃ ഗൃഹിണീ ഗൃഹമുച്യതേ.

ഗൃഹമെന്നാൽ നാല് ചുവരുകൾക്കുള്ളിലുള്ളതല്ല. ഗൃഹിണി (ഗൃഹിണിയുടെ സദ്ഗുണങ്ങൾ) ആണ് യഥാർത്ഥത്തിൽ ഗൃഹം.

സ്ത്രീ ആദരിക്കപ്പെടുന്നയിടത്തേ ദേവതകൾ വസിക്കൂ എന്നാണ് മനുസ്മൃതി പറയുന്നത്. സ്ത്രീകളെ 'ദേവി' എന്ന് അഭിസംബോധന ചെയ്യുന്ന സംസ്കാരമാണ് നമ്മുടെ നാട്ടിൽ നിലനിന്നിരുന്നത്. പാശ്ചാത്യസംസ്കാരം സ്ത്രീസമത്വത്തെ സാമ്പത്തികമായ സ്വതന്ത്ര്യവുമായി തുലനപ്പെടുത്തുമ്പോൾ, ഹൈന്ദവ സംസ്കാരത്തിൽ സ്ത്രീയുടെ സ്ഥാനം പുരുഷനേക്കാൾ മുകളിലാണ്. 

'ആയിരം പിതാക്കന്മാരെക്കാളും അധികമാണ് ഒരു മാതാവിന്‍റെ സ്ഥാനം.'

ചടങ്ങുകളുടെ പ്രാധാന്യം

ഹൈന്ദവ ജീവിതത്തിലെ ഓരോ മുഖ്യമായ സംഭവത്തോടും അനുബന്ധിച്ച് ഒരു ചടങ്ങുണ്ടാകും. ഈ ചടങ്ങുകൾ ഉന്നതമായ ആത്മീയ തത്വങ്ങളെക്കുറിച്ച് പഠിക്കാനുള്ള പ്രയോഗശാലകളാണ്. ഉദാഹരണത്തിന് മരണാനന്തര ചടങ്ങുകളെക്കുറിച്ച് പഠിക്കുന്നതിലൂടെ ആത്മാവിന്‍റെ നിത്യതയെക്കുറിച്ചു മനസിലാക്കാം.

ഹിന്ദു കുടുംബജീവിതം ആത്മീയ ഉന്നമനത്തിന്‍റെയും കർത്തവ്യബോധത്തിന്‍റെയും  സാമൂഹിക പ്രതിബദ്ധതയുടെയും പാരമ്പര്യത്തിന്‍റെയും ബന്ധങ്ങളുടെ പ്രാമുഖ്യത്തിന്‍റെയും പ്രയോഗികതയുടേയും സൂക്ഷ്മസന്തുലനത്തിന്‍റെ ഉത്തമ ഉദാഹരണമാണ്. 






മലയാളം

മലയാളം

പല വിഷയങ്ങള്‍

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...