ദുർവാസാവ് മഹർഷി വലിയ കോപിഷ്ഠനാണ്. ഒരിക്കൽ അദ്ദേഹത്തിന് ദേവിക്ക് ചാർത്തിയ ഒരു പൂമാല പ്രസാദമായി ലഭിച്ചു. ഒരു തപസ്വിക്ക് മാലകൊണ്ട് എന്താണു പ്രയോജനം? അതിനാൽ അദ്ദേഹം ആ മാല ദേവേന്ദ്രനു സമ്മാനിച്ചു. ഐരാവതത്തിനുമേൽ ഇരുന്നിരുന്ന ഇന്ദ്രൻ അമൂല്യമായ ആ മാല ഐരാവതത്തിന്റെ മസ്തകത്തിൽ വച്ചിട്ട് തലമുടി അഴിച്ചു കെട്ടാൻ തുടങ്ങി. തലമുടി ശരിയാക്കി മാല വച്ചുകെട്ടാമെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ അതിനിടയിൽ പൂമാലയുടെ സുഗന്ധം മൂലം വണ്ടുകൾ നാലുവശത്തുനിന്നും വന്നെത്തി. ഐരാവതത്തിന് ആ വണ്ടുകളുടെ മൂളിച്ചയും മറ്റും ദുസ്സഹമായി. ഐരാവതം തുമ്പിക്കൈ കൊണ്ട് മാല വലിച്ചു താഴത്തിട്ടു ചവിട്ടിത്തേച്ചു.
ഈ അനാദരവു ദുർവാസാവിനു തീരെ സഹിച്ചില്ല. അദ്ദേഹം കോപം കൊണ്ട് ജ്വലിച്ചു. ഇന്ദ്രനേയും ദേവന്മാരെയും അദ്ദേഹം ശപിച്ചു, 'നി ങ്ങൾ എല്ലാം ജരാനരകൾ ബാധിച്ച് കഷ്ടപ്പെടട്ടെ' എന്നായിരുന്നു ശാപം.
അതുവരെ ദേവന്മാരെല്ലാം യുവാക്കളായിരുന്നു. ശാപമേറ്റതോടെ അവരുടെ തലമുടി നരച്ച് ദേഹമെല്ലാം ചുക്കിച്ചിളിഞ്ഞു. പലർക്കും മുടന്തും കൂനും ബാധിച്ച് നടക്കാൻ വയ്യാതായി.
ഒരു പരിഹാരത്തിനായി ദേവന്മാർ ബ്രഹ്മാവിനെ മുൻനിർത്തി മഹാവിഷ്ണുവിനെ സമീപിച്ചു.
ഭഗവാൻ പറഞ്ഞു, 'അമരത്വം ലഭിച്ചാൽ മാത്രമേ നിങ്ങളുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമുണ്ടാകൂ. അതിനായി നിങ്ങൾ പാലാഴി കടഞ്ഞ് അമൃതെടുക്കണം. അത് നിങ്ങളെക്കൊണ്ട് തനിയേ ആവില്ല. അതിനായി അസുരന്മാരുമായി സന്ധി ചെയ്ത് അവരെയും കൂടെക്കൂട്ടണം.'
ഇത്രയും പറഞ്ഞിട്ട് മഹാവിഷ്ണു അന്തർധാനം ചെയ്തു. അനന്തരം ദേവന്മാർ അസുരന്മാരുമായി സന്ധി ചെയ്തു. പാലാഴിമഥനത്തിനു രണ്ടുകൂട്ടരും തയ്യാറായി. മന്ദരപർവ്വതത്തെ കടകോലും വാസുകിയെ കയറുമാക്കി പാലാഴിമഥനം ആരംഭിച്ചു.
അങ്ങനെ മഥിച്ചു തുടങ്ങിയപ്പോൾ പാലാഴിയിൽ നിന്നും ഹാലാഹലം എന്ന അതിഭയങ്കരമായ വിഷം ഉയർന്നുവന്നു. അതിന്റെ വിഷജ്വാല താങ്ങാനാവാതെ സകലരും പലയിടത്തേക്കും ഓടി രക്ഷപ്പെടാൻ തുടങ്ങി. ദേവന്മാരും അസുരന്മാരും എന്താണ് ചെയ്യേണ്ടത് എന്നു അറിയാതെ വിഷമിച്ചു. ഒടുവിൽ അവർ ശിവനെ ശരണം പ്രാപിച്ചു. അദ്ദേഹം തപസ്സിൽ മുഴുകിയിരിക്കയായിരുന്നു. 'ഭഗവാനേ , മഹാദേവാ, മൂന്നു ലോകങ്ങളേയും ദഹിപ്പിക്കാൻ പോന്ന ഈ ഭയങ്കരമായ വിഷത്തിൽനിന്നും ഞങ്ങളെ രക്ഷിക്കണേ' എന്നവർ കേണപേക്ഷിച്ചു..
വിശ്വരക്ഷകനായ ഭഗവാൻ ഭയങ്കരമായ ആ വിഷത്തെ കരതലത്തിൽ ആക്കി ഭക്ഷിച്ചു. ഹാലാഹലം അതിന്റെ വീര്യം കാണിക്കാതിരുന്നില്ല. അത് ഭഗവാൻറെ കഴുത്തിൽ നീലവർണ്ണമായി വിളങ്ങി. അന്ന് മുതലാണ് പരമശിവന് നീലകണ്ഠൻ എന്ന പേരുണ്ടായത്. ഭഗവാന്റെ കഴുത്തിലെ നീലനിറം കൃപയുടേയും ത്യാഗത്തിന്റെയും ലക്ഷണമായി ശോഭിക്കുന്നു.
Astrology
Atharva Sheersha
Bhagavad Gita
Bhagavatam
Bharat Matha
Devi
Devi Mahatmyam
Ganapathy
Glory of Venkatesha
Hanuman
Kathopanishad
Mahabharatam
Mantra Shastra
Mystique
Practical Wisdom
Purana Stories
Radhe Radhe
Ramayana
Rare Topics
Rituals
Rudram Explained
Sages and Saints
Shiva
Spiritual books
Sri Suktam
Story of Sri Yantra
Temples
Vedas
Vishnu Sahasranama
Yoga Vasishta