ധർമ്മത്തെ ഉയർത്തിപ്പിടിച്ച പശു

ധർമ്മത്തെ ഉയർത്തിപ്പിടിച്ച പശു

സരസ്വതി നദിക്ക് സമീപം ധാരാളം മേച്ചിൽ സ്ഥലം ഉള്ളയിടത് ഒരു കൂട്ടം പശുക്കൾ ഉണ്ടായിരുന്നു. 

ആ പശുക്കൂട്ടത്തിൽ  എപ്പോഴും സന്തോഷവതിയായിരുന്ന നന്ദ എന്ന ഒരു പശുവുണ്ടായിരുന്നു.  ഒരു ദിവസം, അവൾ കൂട്ടത്തിൽ നിന്ന് വേർപെട്ട് ഒരു ഉഗ്രനായ കടുവയുടെ മുമ്പിൽ ചെന്നുപെട്ടു.

കടുവ നന്ദയെ ആക്രമിച്ച്‌ തന്‍റെ വരുതിയിലാക്കി. പാവം നന്ദ ഭയന്ന് തണുത്തുറഞ്ഞു. അവൾ തന്‍റെ കിടാവിനേക്കുറിച്ചോർത്ത്  കണ്ണുനീർ ഒഴുക്കാൻ തുടങ്ങി.

കടുവ പറഞ്ഞു, 'നിന്‍റെ അവസാനകാലം ആയതുകൊണ്ടാണ് നീ എന്‍റെ മുന്നിൽ വന്നുചേർന്നത്. ഇനി ദുഃഖിച്ചിട്ടെന്താണ് പ്രയോജനം?'

നന്ദ കടുവയെ താണുവണങ്ങി പറഞ്ഞു, 'എന്‍റെ മരണത്തെക്കുറിച്ച് എനിക്ക് ഭയമില്ലാ. എനിക്ക് ഒരു കുഞ്ഞു കിടാവുണ്ട്. അവൻ വളരെ കുഞ്ഞാണ്, എന്‍റെ ആദ്യത്തെ കിടാവാണ്. എന്‍റെ ജീവനേക്കാൾ ഞാൻ അവനെ സ്നേഹിക്കുന്നു. അവന് ഇപ്പോഴും തനിയെ പുല്ല് തിന്നാറായിട്ടില്ല. ഞാൻ പോയാൽ അവന് എന്ത് സംഭവിക്കും? അവന് ഒരിക്കൽ കൂടി പാൽ നൽകാനും, ശരിയും തെറ്റും വേർതിരിച്ചറിയാൻ പഠിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അങ്ങ് എന്നെ കുറച്ച് സമയത്തേക്ക് പോകാൻ അനുവദിക്കുകയാണെങ്കിൽ, ഞാൻ അവനെ ആശ്വസിപ്പിച്ച ശേഷം മടങ്ങിവരാം. അപ്പോൾ അങ്ങേയ്ക്ക് എന്നെ ഭക്ഷിക്കാം '.

കടുവ ആദ്യം അവളുടെ അപേക്ഷ അവഗണിച്ചു. നന്ദ വീണ്ടും വീണ്ടും കരഞ്ഞപേക്ഷിച്ചു. ഒടുവിൽ കടുവ അവളെ പോകാൻ അനുവദിച്ചു. നന്ദ ആകാംക്ഷയോടെ അവളുടെ കാളക്കുട്ടിയുടെ അടുത്തേക്ക് ഓടി. ദൂരെ നിന്ന്, അവൾക്ക് അമ്മയെ കാണാതെയുള്ള അവന്‍റെ നിലവിളികൾ കേൾക്കാമായിരുന്നു. അവൾ ഓടി തന്‍റെ മകന്‍റെ അടുത്തേക്ക് ചെന്നു.  അവളുടെ കവിളുകളിലൂടെ കണ്ണുനീർ ഒഴുകാൻ തുടങ്ങി.

കാളക്കുട്ടൻ ചോദിച്ചു,  'എപ്പോഴും സന്തോഷവതിയായി കാണപ്പെടുന്ന അമ്മയെന്തിനാ കരയുന്നത്? 

നന്ദ സംഭവിച്ചതെല്ലാം വിവരിച്ചു.  ഒടുവിൽ പറഞ്ഞു, 'മോനേ, ഞാൻ അങ്ങേയറ്റം ദുഃഖിതയാണ്, കാരണം എനിക്കിനി നിന്നെ കാണാൻ പറ്റില്ലല്ലോ. കടുവയുടെ അടുത്തേക്ക് മടങ്ങാമെന്ന് ഞാൻ ശപഥം ചെയ്തിട്ടുണ്ട്, എന്‍റെ വാക്ക് പാലിക്കാൻ ഞാൻ മടങ്ങിയേ തീരൂ.’

കാളക്കുട്ടൻ പറഞ്ഞു, 'അമ്മേ! അമ്മക്ക് പകരം ഞാൻ പോകാം. കടുവ എന്നെ തിന്നുകയാണെങ്കിൽ ഒരു നല്ല മകന്‍റെ കടമ നിറവേറ്റിയതിന്‍റെ പുണ്യം എനിക്ക് ലഭിക്കില്ലേ ?’

നന്ദ അവനെ തടഞ്ഞു. അപകടങ്ങൾ നിറഞ്ഞ ലോകത്ത് ജീവിക്കാനുള്ള നിരവധി ഉപദേശങ്ങൾ നന്ദ അവന് നൽകി.

ധർമ്മത്തിന്‍റെ പാതയിൽ ഉറച്ച് നിൽക്കാൻ  അവളവനോട് പറഞ്ഞു. മകനെ സ്നേഹവാത്സല്യങ്ങളോടെ ഉമ്മ വെച്ച് നന്ദ തന്‍റെ കൂട്ടുകാരോട് നടന്നതെല്ലാം പറഞ്ഞു.

അവരവളെ കടുവയുടെ പക്കലേക്ക് മടങ്ങിപ്പോകുന്നതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

സ്വന്തം ജീവൻ രക്ഷിക്കുന്നതിനായി വാഗ്ദാനം ലംഘിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് അവർ വാദിച്ചു. എന്നാൽ സത്യസന്ധയായ നന്ദ പറഞ്ഞു, 'മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ നുണ പറയുന്നത് പാപമല്ലായിരിക്കാം, മറിച്ച് സ്വന്തം ജീവൻ രക്ഷിക്കാൻ നുണ പറയുന്നത് പാപമാണ്. സത്യം പാലിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം സത്യം ധർമ്മത്തിന്‍റെ ഏറ്റവും ഉയർന്ന രൂപമാണ്.

നന്ദ തന്‍റെ ദൃഢനിശ്ചയത്തിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്തുകയും കടുവയുടെ അടുത്തേക്ക് മടങ്ങുകയും ചെയ്തു.

നന്ദ കടുവയോട് പറഞ്ഞു, 'ഞാൻ എന്‍റെ വാക്ക് പാലിച്ചു. ഇനി അങ്ങേക്കെന്നെ യഥേഷ്ടം ഭക്ഷിക്കാം.' 

നന്ദയുടെ അചഞ്ചലമായ സത്യസന്ധത കടുവയെ അത്ഭുതപ്പെടുത്തി. കടുവ പറഞ്ഞു, 'എനിക്ക് നല്ല സംശയമുണ്ടായിരുന്നു നീ തിരിച്ചുവരുമോയെന്ന്. ഞാൻ നിന്നെ ‘പരീക്ഷിക്കുകയായിരുന്നു. ഇന്ന് മുതൽ നീ എന്‍റെ സഹോദരിയാണ് '.

ധർമ്മത്തോടുള്ള നിന്‍റെ പ്രതിബദ്ധത എന്നെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. ഞാൻ  ഇനി മുതൽ അക്രമം ഉപേക്ഷിച്ച്  ധർമ്മത്തിന്‍റെ പാത പിന്തുടരും. സഹോദരി, ദയവായി എനിക്ക് ധർമ്മം എന്താണെന്ന് പറഞ്ഞുതരിക.'

എല്ലാ ജീവജാലങ്ങൾക്കും നിർഭയത്വം നൽകാൻ നന്ദ കടുവയെ ഉപദേശിച്ചു, 

'മറ്റുള്ളവരിൽ ഭയമുണ്ടാക്കാത്തവൻ സ്വയം എല്ലാ ഭയങ്ങളിൽ നിന്നും മോചനം നേടുകയും പരമപദത്തെ പ്രാപിക്കുകയും ചെയ്യും' എന്നവൾ പറഞ്ഞു.

നന്ദയുടെ സാന്നിധ്യം മൂലം കടുവയ്ക്ക് തന്‍റെ പൂർവ്വജന്മം ഓർമ്മ വന്നു. അവൻ പറഞ്ഞു, 'സഹോദരി, എന്‍റെ മുൻ ജന്മത്തിൽ ഞാൻ പ്രഭഞ്ജനൻ എന്ന ഒരു രാജാവായിരുന്നു. ഒരിക്കൽ ഞാൻ ഈ വനത്തിൽ വേട്ടയാടാൻ വന്നു. ആ സമയത്ത് ഞാൻ ഒരു വലിയ പാപം ചെയ്തു. കുഞ്ഞുങ്ങൾക്ക് പാൽ നൽകിയിരുന്ന ഒരു മാനിനെ ഞാൻ കൊന്നു. അവളുടെ ശാപത്തിന്‍റെ ഫലമായി ഞാൻ ഒരു കടുവയായി പുനർജനിച്ചു.  നിന്‍റെ വിശുദ്ധ സാന്നിധ്യം കാരണമാണ് മുൻകാല ജീവിതത്തെക്കുറിച്ചുള്ള ഓർമ്മ ഇപ്പോളെനിക്ക് തിരിച്ചു കിട്ടിയത്.’ 

ഇത് പറഞ്ഞുതീർന്നതും കടുവയ്ക്ക് തന്‍റെ സ്വന്തരൂപവും തിരിച്ചുകിട്ടി.

നന്ദയുടെ സത്യസന്ധതയിൽ ആകൃഷ്ടനായി ധർമ്മരാജാവായ യമൻ അവിടെ പ്രത്യക്ഷപ്പെട്ടു.

യമൻ പറഞ്ഞു, 'ധർമ്മത്തോടുള്ള നിന്‍റെ  അചഞ്ചലമായ ഭക്തിയിൽ ഞാൻ സന്തുഷ്ടനാണ്. മൂന്ന് വരങ്ങൾ ചോദിച്ചുകൊള്ളുക.'

നന്ദ താഴ്മയോടെ അഭ്യർത്ഥിച്ചു -

  1. ഞാൻ എന്‍റെ മകനോടൊപ്പം ഉത്തമലോകം പ്രാപിക്കണം.
  2. ഈ സ്ഥലം ഒരു ദിവ്യതീർത്ഥമായി മാറണം.
  3. ഈ സ്ഥലത്തെ സരസ്വതി നദിക്ക് നന്ദ എന്ന പേര് നൽകണം.

യമൻ അവളുടെ ആഗ്രഹങ്ങൾ അംഗീകരിച്ചു. നന്ദയും മകനും സ്വർഗലോകം പ്രാപിച്ചു.. പ്രഭഞ്ജനൻ തന്‍റെ രാജ്യം വീണ്ടെടുക്കുകയും വളരെക്കാലം നീതിപൂർവം ഭരിക്കുകയും ചെയ്തു. ഈ സംഭവം നടന്ന സ്ഥലം നന്ദ സരസ്വതി എന്ന ദിവ്യതീർത്ഥമായി മാറി.

 

മലയാളം

മലയാളം

പുരാണ കഥകള്‍

Click on any topic to open

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...