തീർത്ഥയാത്രയിൽ കിട്ടിയ തിരിച്ചറിവ്

തീർത്ഥയാത്രയിൽ കിട്ടിയ തിരിച്ചറിവ്

ഒരു നാട്ടിൽ ഒരു വലിയ ഭക്തനുണ്ടായിരുന്നു.ആയാൾക്ക് ഒരു തീർത്ഥയാത്ര പോകാൻ വലിയ ആഗ്രഹമായിരുന്നു. പക്ഷെ ആയാൾക്കു വീടു വിട്ടുപോവാൻ നിവൃത്തിയുണ്ടായിരുന്നില്ല. കാരണം വീട്ടിൽ പ്രായം ചെന്ന അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

അങ്ങിനെയിരിക്കുമ്പോൾ വീട്ടിൽ ഒരു ബന്ധു വന്നുചേർന്നു  ആയാൾ പറഞ്ഞു, 'നിന്‍റെ ആഗ്രഹം എനിക്കറിയാം. നീ തീർത്ഥയാത്രക്കു പൊയ്ക്കുള്ളൂ . മടങ്ങി വരുന്നതുവരെ അച്ഛനമ്മമാരെ ഞാൻ നോക്കിക്കൊള്ളാം. അയാൾക്ക് സന്തോഷമായി. കാര്യങ്ങളൊക്കെ ബന്ധുവിനെ ഏല്പിച്ചു നല്ല ദിവസം നോക്കി ആയാൾ യാത്രയും പുറപ്പെട്ടു. 

ഭക്തൻ വളരെ ദൂരെ പ്രയാഗക്ക് സമീപം  ഒരു കാട്ടിൽ ചെന്നെത്തി. കുക്കുടമുനിയെന്ന ഒരു ദിവ്യൻ ആ കാട്ടിലുണ്ടെന്നും, അദ്ദേഹത്തെ വെറുതെ കണ്ണുകൊണ്ടുകണ്ടാൽ തന്നെ സകല പാപങ്ങളും പോകുമെന്നും നമ്മുടെ ഭക്തൻ കേട്ടിട്ടുണ്ടായിരുന്നു. ഭക്തൻ മുനിയെ കണ്ടു വന്ദിക്കാൻ തീച്ചയാക്കി. കുക്കുടമുനിയുടെ ആശ്രമത്തിൽ ചെന്നപ്പോൾ ഭക്തന് വലിയ നിരാശയായി. കാരണം മുനി വെറുമൊരു സാധാരണ മനുഷ്യന്‍റെ ജീവിതമായിരുന്നു നയിച്ചിരുന്നത്. മുനി ഭക്ഷണമൊക്കെ പാകം ചെയ്ത് അച്ഛനമ്മമാരെ ഊണു കഴി പ്പിച്ചു അവരെ ഒരു കട്ടിലിന്മേലിരുത്തി ഭക്തനോട് സംസാരിക്കുവാൻ വന്നു.

'നമസ്‌കാരം, ഞാൻ ഒരു തീത്ഥയാത്രക്കായി ഇറങ്ങിയതാണ്.  അങ്ങയെക്കുറിച്ച് വളരെയധികം കേട്ടിട്ടുണ്ട്. കണ്ടു വന്ദിക്കാൻ വന്നതാണ്. പ്രയാഗ ഇവിടെനിന്നും അധികം ദൂരത്തല്ലെന്നു കേട്ടു. അങ്ങോട്ടുള്ള വഴി പറഞ്ഞുതന്നാൽ ഉപകാരമായിരിക്കും',ഭക്തൻ വിനീതസ്വരത്തിൽപറഞ്ഞു.

'സ്നേഹിതാ, പ്രയാഗക്കുള്ള വഴി എനിക്കറിയില്ല. ഞാൻ ഒരിക്കലും അവിടെ പോയിട്ടുമില്ല', കുക്കുടമുനിപറഞ്ഞു. ഇതുകൂടി കേട്ടപ്പോൾ ഭക്തൻ യാത്രയും പറഞ്ഞു പിരിഞ്ഞു. 

വഴിയിൽ അയാൾ ചിന്തിച്ചു, 'ഇയ്യാളാണത്രെ വലിയ  മഹാൻ ! പ്രയാഗ എവിടെയാണെന്നുപോലും  അറിയില്ല.'

ആശ്രമത്തിൽനിന്നും പുറത്തിറങ്ങി നടക്കുമ്പോൾ ഭക്തൻ മൂന്നു സ്ത്രീകളെ കണ്ടു. ആ സ്ത്രീകളെ കണ്ട് ഭക്തന് വലിയ അത്ഭുതം തോന്നി. അത്രയ്ക്ക് വിരൂപകളായിരുന്നു  മുഖം മുഴുവൻ പുള്ളിയും കുത്തും നിറഞ്ഞു കണ്ടാലറയ്ക്കുന്ന രൂപം!  അവരോട് പ്രയാഗക്കുള്ള വഴി ചോദിച്ചലോ എന്ന് തോന്നി ഭക്തന്, പക്ഷെ ധൈര്യം വന്നില്ലാ. ഭക്തൻ തിരിഞ്ഞു നോക്കിയപ്പോൾ ആ മൂന്നു സ്ത്രീകളും മുനിയുടെ ആശ്രമത്തിൽ കടക്കുന്നതു കണ്ടു. ഭക്തന്നു കൂടുതൽ അത്ഭുതമായി. ഏതായാലും കാത്തു നിന്ന് അവർ മടങ്ങിവരുമ്പോൾ വഴി ചോദിക്കാമെന്ന് നിശ്ചയിച്ചു ഭക്തൻ.

കുറച്ചു കഴിഞ്ഞപ്പോൾ ആ മൂന്നു സ്ത്രീകളും പുറത്തു വന്നു. ഭക്തന് ആശ്ചര്യം സഹിക്കാൻ വയ്യ. കണ്ടാലറയ്ക്കുന്ന  രൂപമുണ്ടായിരുന്ന ആ മൂന്ന് പേരും സുന്ദരികളായി തീർന്നിരുന്നു. ഭക്തന് തന്‍റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ആയാൾ ആകപ്പാടെ അന്തം വിട്ടു മിഴിച്ചുനിന്നു. ഇതിനിടെ ആ സുന്ദരികൾ അടുത്തെത്തി. 

ഭക്തൻ ചോദിച്ചു, 'സഹോദരികളെ,നിങ്ങൾ ആരാണ് ?' 

അതിൽ ഒരുവൾ പറഞ്ഞു, 'സഹോദരാ, ഞങ്ങൾ മൂന്നു സഹോദരികളാണ്. ഞങ്ങളെ ഗംഗ, യമുന, സരസ്വതി എന്നാണു വിളിക്കുന്നത്. പ്രയാഗയിൽ ഞങ്ങൾ മൂന്നുപേരും കൂടിച്ചേരുന്നുണ്ട്. ലോകത്തിലെ പാപികളെല്ലാം  ഞങ്ങളുടെ ജലത്തിൽ മുങ്ങിക്കുളിച്ച് മുക്തിയടയുവാൻ വരിക പതിവുണ്ട്. അവരുടെ പാപങ്ങളൊക്കെ ഞങ്ങളിൽ കല രുകയാണു പതിവ്. അതിനാൽ ഞങ്ങൾ വിരൂപകളായി  തീരുന്നു. ആ രൂപത്തിലാണു കുറച്ചു മുമ്പ് നിങ്ങൾ ഞങ്ങളെ കണ്ടത്.'

'പിന്നെങ്ങിനെ ഈ രൂപം കിട്ടി?' ഭക്തൻ ചോദിച്ചു.

ഇവിടെവന്ന് ഈ മുനിയെ ദർശിച്ചാൽ ഞങ്ങൾക്ക് ഞങ്ങളുടെ രൂപം തിരിച്ചുകിട്ടും.' ആ സഹോദരികൾ പറഞ്ഞു.

'ഇത്ര പ്രഭാവമുള്ളയാളാണോ അദ്ദേഹം? അതെങ്ങിനെ?' ഭക്തൻ ചോദിച്ചു

'തപസ്സ് ചെയ്തല്ല അദ്ദേഹം മഹാനായത്.  തന്‍റെ മാതാപിതാക്കളെ സ്നേഹത്തോടെ ശുശ്രൂഷിക്കുന്നതുകൊണ്ടു മാത്രമാണ്,' സഹോദരികൾ പറഞ്ഞു.

ഇതുകേട്ട ഭക്തൻ തന്‍റെ തെറ്റ് തിരിച്ചറിഞ്ഞു. ആയാൾ ആ നിമിഷം മടങ്ങി നേരെ വീട്ടിലെത്തി. തന്‍റെ അച്ഛനമ്മമാരെ നന്നായി ശുശ്രുഷിക്കാൻ ആരംഭിച്ചു. ആയാൾക്കു തീത്ഥയാത്രക്കു പോകണമെന്ന ആഗ്രഹമേ പിന്നെ ഉണ്ടായിട്ടില്ലാ.

Copyright © 2025 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |
Vedahdara - Personalize
Whatsapp Group Icon
Have questions on Sanatana Dharma? Ask here...