ശുകദേവന്‍റെ വിരക്തി

shuka deva

അരണിയില്‍നിന്നുമാണല്ലോ ശുകദേവന്‍ ജനിച്ചത്.

ദണ്ഡ്, കമണ്ഡലു, ജലപാത്രം  തുടങ്ങി ഒരു ബ്രഹ്മചാരിയ്ക്ക് വേണ്ടതെല്ലാം ശുകനുവേണ്ടി അന്തരീക്ഷത്തില്‍ നിന്നും ഭൂമിയില്‍ വന്നു വീണു.

പിറന്നയുടന്‍ തന്നെ ശുകന്‍ വളര്‍ന്ന് വലിയവനായി.

വേദങ്ങളും അവയിലെ തത്ത്വങ്ങളും രഹസ്യങ്ങളുമൊക്കെ സമ്പൂര്‍ണ്ണ രൂപത്തില്‍ ശുകന്‍റെ പക്കല്‍ സ്വയമേവ വന്നുചേര്‍ന്നു.

വ്യാസന്‍ ശുകന്‍റെ ഉപനയനം നടത്തി പഠനത്തിനായി ബൃഹസ്പതിയുടെ ഗുരുകുലത്തിലേയ്ക്കയച്ചു.

പഠനം പൂര്‍ത്തിയാക്കി ഗുരുദക്ഷിണയും നല്‍കി ശുകന്‍ തിരിച്ചുവന്നു.

 

മകന് ഒരു വധുവിനെ തേടണമല്ലോ.

വ്യാസന്‍ ശുകനെ വിളിച്ചുപറഞ്ഞു -

ഞാന്‍ നിനക്ക് പറഞ്ഞുതരേണ്ടതില്ല.

വേദങ്ങളും ധര്‍മ്മശാസ്ത്രങ്ങളുമൊക്കെ നിനക്ക് നന്നായി അറിയാം.

നീ വിവാഹം കഴിക്കണം.

ഋഷിമാരോടും, പിതൃക്കളോടും, ദേവന്മാരോടുമുള്ള ഉത്തരവാദിത്വം നിറവേറ്റണം.

വിവാഹജീവിതത്തിലൂടെയും സന്താനോല്‍പത്തിയിലൂടെയുമേ ഋഷിഋണം, ദേവഋണം, പിതൃഋണം എന്നിവ വീട്ടാന്‍ കഴിയൂ.

നീ ഒരു കുടുംബജീവിതം നയിച്ചാലേ പിതാവെന്ന നിലയില്‍ എനിക്കും സ്വര്‍ഗ്ഗപ്രാപ്തി തുടങ്ങിയ സല്‍ഗതി ഉണ്ടാകൂ.

കഠിനമായ തപസിലൂടെയാണ് സ്ത്രീസംസര്‍ഗം കൂടാതെ തന്നെ എനിക്ക് നിന്നെ മകനായി ലഭിച്ചത്.

നീ വേണം എനിക്ക് സല്‍ഗതി നേടിത്തരുവാന്‍.

ഇതിനുവേണ്ടിയാണ് ഞാന്‍ ഒരു പുത്രനെ ആഗ്രഹിച്ചത്.

അതുകൊണ്ട് നീ എത്രയും വേഗം വിവാഹിതനാകണം.

 

ശുകന്‍ പറഞ്ഞു -

എനിക്കോ?

വിവാഹമോ?

അങ്ങെന്താണീ പറയുന്നത്?

തത്ത്വമാര്‍ഗം ഉപദേശിച്ച് തരൂ.

ഞാനതനുസരിച്ച് നടക്കാം.

 

വ്യാസന്‍ പറഞ്ഞു -

നൂറ് വര്‍ഷം തപസ് ചെയ്തും ശിവപൂജ നടത്തിയുമാണ് നിന്നെയെനിക്ക് ലഭിച്ചത്.

കുടുംബജീവിതം നയിക്കാന്‍ ധനമില്ല എന്ന ഭയമാണെങ്കില്‍ രാജാവിനോട് പറഞ്ഞ് ഞാന്‍ എത്ര വേണമെങ്കിലും ധനം വാങ്ങിത്തരാം.

സുഖങ്ങള്‍ അനുഭവിക്കേണ്ട പ്രായമാണ് നിനക്ക്.

 

ശുകന്‍ പറഞ്ഞു -

ദുഃഖം കൂടാത്ത എന്ത് സുഖമാണുള്ളത്?

ദുഃഖത്തോട് കൂടിയ സുഖം സുഖമേ അല്ല.

വിവാഹം കഴിച്ചാല്‍ ഭാര്യയുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കേണ്ടിവരും.

സ്വാതന്ത്ര്യം നഷ്ടപ്പെടും.

അതിലെന്ത് സുഖമാണുള്ളത്?

 

ചങ്ങലയില്‍ പൂട്ടിയിടപ്പെട്ടവന് എന്നെങ്കിലും അതില്‍നിന്നും മോചനം കിട്ടും.

ഭാര്യ, കുടുംബം തുടങ്ങിയവയാല്‍ ബന്ധിക്കപ്പെടുന്നവന് ഒരിക്കലും മോചനമുണ്ടാവില്ല.

മലമൂത്രാദികളാല്‍ നിറഞ്ഞതാണ് ശരീരം.

സ്ത്രീശരീരവും അങ്ങനെതന്നെ.

എങ്ങനെയാണ് അതിനോട് ഒരാഗ്രഹം ഉണ്ടാകുക?

എനിക്ക് ആത്മസുഖത്തെ വെടിഞ്ഞുള്ള ഭൗതികസുഖം വേണ്ട.

 

ജ്ഞാനം നേടാനായി ബൃഹസ്പതിയുടെ പക്കലേക്കാണ് അങ്ങെന്നെ അയച്ചത്,

അദ്ദേഹമാണെങ്കില്‍ കുടുംബസ്ഥനും ലൗകിക കാര്യങ്ങളില്‍ മുഴുകിയവനുമാണ്.

സ്വയം രോഗാതുരനായ ഒരു വൈദ്യന്‍ മറ്റുള്ളവരെ ചികിത്സിക്കാന്‍ പോയാല്‍ എങ്ങനെയിരിക്കും?

ഇതാണ് എന്‍റെ ഗുരുവിന്‍റേയും അവസ്ഥ.

ശരിയായ മാര്‍ഗദര്‍ശനത്തിനായാണ് ഞാന്‍ അങ്ങയുടെ പക്കല്‍ തിരികെ വന്നിരിക്കുന്നത്.

അങ്ങാണെങ്കില്‍ എന്നെ അന്ധകാരത്തിലേക്ക് തള്ളിവിടാനാണ് നോക്കുന്നത്.

ലൗകിക ജീവിതത്തെ ഒരു സര്‍പ്പത്തിനെ എന്നപോലെ ഞാന്‍ ഭയപ്പെടുന്നു.

എനിക്ക് ആത്മതത്ത്വമാണ് അറിയേണ്ടത്.

കൃമികള്‍ മലത്തില്‍ സുഖം കണ്ടെത്തുന്നത് പോലെയാണ് ഈ ലോകത്തിലെ സുഖങ്ങളും.

വേദങ്ങള്‍ പഠിച്ചിട്ടും ഈ ലോകത്തില്‍ ആസക്തിയോടെ ഇരിക്കുന്നവനേക്കാള്‍ വലിയൊരു വിഡ്ഢി ഉണ്ടാവില്ല.

ഭാര്യ, പുത്രന്മാര്‍, ഗൃഹം തുടങ്ങിയ ബന്ധനങ്ങളില്‍നിന്നും മോചിപ്പിക്കുന്നതാകണം ജ്ഞാനം.

20.7K

Comments

62Gav

ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം

മലപ്പുറം ജില്ലയില്‍ എടപ്പാളിന് സമീപമാണ് ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രം. പ്രധാന ദേവത ശിവന്‍. ഉപദേവതയായ ദക്ഷിണാമൂര്‍ത്തിക്കാണ് പ്രാധാന്യം. തെക്കോട്ട് ദര്‍ശനമായുള്ള ഭഗവാന്‍ ജ്ഞാനം നല്‍കി ജനനമരണചക്രത്തില്‍ നിന്നും ഭക്തരെ രക്ഷിക്കുന്നു.

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാരിമാര്‍

ഇവര്‍ തുളുനാട്ടുകാരാണ്. പയ്യന്നൂരിന് സമീപമുള്ള പുല്ലൂര്‍ ഗ്രാമം, കര്‍ണ്ണാടകത്തിലെ കൊക്കട ഗ്രാമം എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ തെരഞ്ഞെടുക്കപ്പെടുന്നു. തൃശൂര്‍ നടുവില്‍ മഠത്തിലേയോ മുഞ്ചിറ മഠത്തിലേയോ സ്വാമിയാര്‍ ഇവരെ നമ്പിമാരായി അവരോധിക്കുന്നു. അതു കഴിഞ്ഞാല്‍ അവര്‍ പുറപ്പെടാശാന്തിമാരായിരിക്കും. ഭഗവാന്‍ ഉള്‍പ്പെടെ ആരെയും നമസ്കരിക്കുന്നതോ മറ്റ് ക്ഷേത്രങ്ങളില്‍ പൂജിക്കുന്നതോ ഇവര്‍ക്ക് അനുവദനീയമല്ല.

Quiz

ശുകന്‍ ഉണ്ടായതെങ്ങനെ?
Copyright © 2024 | Vedadhara | All Rights Reserved. | Designed & Developed by Claps and Whistles
| | | | |