മുളങ്കൂട്ടങ്ങൾ പരസ്പരം ഉരഞ്ഞു തീ പിടിച്ച് എരിഞ്ഞു ചാമ്പലാകുന്നതു പോലെ കുരുവംശം ഇല്ലാതായെന്നു തന്നെ പറയാം. പാണ്ഡവരുടെ സന്തതികളെല്ലാവരും തന്നെ കൊല്ലപ്പെട്ടു. ഭഗവാൻ അഭിമന്യുവിന്‍റെ പത്നിയായ ഉത്തരയുടെ ഗർഭം സംരക്ഷിച്ചതിനാൽ അവർക്ക് ഒരു പിൻഗാമി ഉണ്ടായി, പരീക്ഷിത്ത്.
യുധിഷ്ഠിരന് ഭൗതികസുഖങ്ങളിലൊന്നും ഒരു താത്പര്യവുമില്ലായിരുന്നു. ഭഗവാന്‍റെ മാർഗ്ഗദർശനത്തിൽ യുധിഷ്ഠിരൻ രാജ്യാധികാരം ഏറ്റെടുത്തു. ഭഗവാന്‍റെയും ഭീഷ്മാചാര്യരുടെയും ഉപദേശങ്ങൾ മൂലം യുധിഷ്ഠിരന്‍റെ ഭ്രമങ്ങളെല്ലാം നീങ്ങി മനസ്സ് ശാന്തമായിരുന്നു. ഭഗവാന്‍റെ സംരക്ഷണത്തിൽ യുധിഷ്ഠിരൻ സമ്പൂർണ ഭൂമിയുടേയും ഭരണാധികാരിയായി. സഹോദരന്മാർ എന്തിനും തയ്യാറായി കൂടെയുണ്ടായിരുന്നു. പ്രജകൾ സന്തുഷ്ടരായിരുന്നു. ശത്രുക്കളാരും തന്നെ അവശേഷിച്ചിരുന്നില്ല.
യുദ്ധത്തിനു ശേഷവും ഭഗവാൻ പല മാസങ്ങളോളം ഹസ്തിനാപുരത്തിൽ കഴിഞ്ഞു. തുടർന്ന് ഭഗവാൻ ദ്വാരകയിലേക്ക് തിരികെ പോകുവാൻ ആഗ്രഹം പ്രകടിപ്പിച്ചു. പാണ്ഡവരെ സഹായിക്കാൻ ദ്വാരകയിൽ നിന്നാണല്ലോ ഭഗവാൻ വന്നത്. യുധിഷ്ഠിരൻ സമ്മതിച്ചു.
തിരിച്ചുപോകാനായി രഥത്തിൽ കയറുന്ന സമയത്തു ചിലർ ഭഗവാനെ ആലിംഗനം ചെയ്‌തു, ചിലർ കാലിൽവീണ് നമസ്കരിച്ചു. കൃപാചാര്യൻ, ധൃതരാഷ്ട്രർ, ഗാന്ധാരി, കുന്തി, ദ്രൗപദി, ഉത്തര, സുഭദ്ര എന്നിവരൊക്കെ അവിടെയുണ്ടായിരുന്നു. കൃഷ്ണനോട് വേർപെടുന്നത് അവർക്കൊന്നും താങ്ങാനാവുമായിരുന്നില്ല. അവരുടെയെല്ലാം ഹൃദയങ്ങൾ പൂർണ്ണമായും ഭഗവാനിൽ സമർപ്പിക്കപ്പെട്ടിരുന്നു.
പാണ്ഡവരെല്ലാം തന്നെ കണ്ണിമ വെട്ടാതെ ഭഗവാനെത്തന്നെ നോക്കിക്കൊണ്ടിരുന്നു. ഒരു വലിയ യാത്രയയപ്പ് തന്നെയാണ് അവർ ഭഗവാന് നൽകിയത്. സ്ത്രീകൾ ഭഗവാന്‍റെ പാതയിൽ പൂക്കൾ ചൊരിഞ്ഞു. വിദ്വാന്മാർ ആശീർവാദമന്ത്രങ്ങൾ ഉച്ചരിച്ചു. അർജ്ജുനൻ ഭഗവാനായി വെഞ്ചാമരം പിടിച്ചു. ഉദ്ധവരും സാത്യകിയും ആലവട്ടം വീശി.
ഹസ്തിനാപുരത്തിലെ കുലീനസ്ത്രീകൾ പരസ്പരം പറഞ്ഞു - സാക്ഷാൽ പരമാത്മാവ് തന്നെയാണിത്. ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതും പരിപാലിക്കുന്നതും സംഹരിക്കുന്നതും എല്ലാം ഈ കൃഷ്ണനാണ്. ഭരണാധികാരികൾ ദുഷ്ടന്മാരും സ്വാർത്ഥന്മാരുമായി മാറുമ്പോളാണ് ഭഗവാൻ ഇങ്ങനെ സ്വയം അവതാരമെടുത്തു വരുന്നത്.
യദുവംശത്തിന്‍റെ ഭാഗ്യമല്ലേ ഭഗവാൻ അതിൽ ജന്മമെടുത്തത് ! ഭഗവാന്‍റെ ലീലകൾ നേരിട്ട് കാണാൻ കഴിഞ്ഞ മഥുര പുണ്യഭൂമിയല്ലേ ! എത്ര അനുഗൃഹീതരാണ് ദ്വാരകാവാസികൾ ! എത്ര ഭാഗ്യവതികളാണ് ഭഗവാന്‍റെ പത്നിമാർ ! ഭഗവാൻ രക്ഷിച്ച പതിനാറായിരം സ്ത്രീകൾ എത്ര പുണ്യം ചെയ്തവരാണ് ! ഇവരൊക്കെ എത്ര തപസ്സ് ചെയ്തിട്ടുണ്ടാവും !
പാണ്ഡവർ ഒട്ടുദൂരം ഭഗവാനെ അനുഗമിച്ചു. പോകുന്നവഴിയെല്ലാം ജനങ്ങൾ സ്നേഹാദരങ്ങളോടെ ഭഗവാനെ നമസ്കരിച്ചു. സായംകാലമാകുമ്പോൾ ഭഗവാൻ രഥത്തിൽനിന്നിറങ്ങി വിശ്രമിക്കും. രാവിലെ വീണ്ടും യാത്ര തുടരും.
പാഠങ്ങൾ -
ഗായത്രി മന്ത്രം സിദ്ധിയാകാന്‍ 24 ലക്ഷം ഉരു ജപിക്കണം.
വ്യക്തിപരമായ മൂല്യച്യുതി അനിവാര്യമായും വ്യാപകമായ സാമൂഹിക മൂല്യച്യുതി വികസിക്കുന്നു. സനാതന ധർമ്മത്തിൻ്റെ കാലാതീതമായ മൂല്യങ്ങൾ-സത്യം, അഹിംസ, ആത്മനിയന്ത്രണം-എന്നിവ നീതിയുക്തവും യോജിപ്പുള്ളതുമായ ഒരു സമൂഹം നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ഈ സദ്ഗുണങ്ങൾ വെറുതെ പ്രഖ്യാപിച്ചാൽ മാത്രം പോരാ; അവ വ്യക്തിപരമായ തലത്തിൽ ആത്മാർത്ഥമായി നടപ്പാക്കണം. വ്യക്തിപരമായ സമഗ്രതയിൽ വിട്ടുവീഴ്ച ചെയ്യുമ്പോൾ, അത് ഒരു തരംഗ പ്രഭാവം സൃഷ്ടിക്കുകയും സാമൂഹിക മൂല്യങ്ങളുടെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു. വ്യക്തിപരമായ സമഗ്രതയുടെ പ്രാധാന്യം നാം അവഗണിച്ചാൽ, സമൂഹം വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. സമൂഹത്തെ സംരക്ഷിക്കുന്നതിനും ഉയർത്തുന്നതിനും, ഓരോ വ്യക്തിയും ഈ മൂല്യങ്ങൾ ഉൾക്കൊള്ളുകയും അചഞ്ചലമായ സമഗ്രതയോടെ പ്രവർത്തിക്കുകയും വേണം.