ജന്മാദ്യസ്യ യതോഽന്വയാദിതരതശ്ചാർഥേഷ്വഭിജ്ഞഃ സ്വരാട്।
തേനേ ബ്രഹ്മ ഹൃദാ യ ആദികവയേ മുഹ്യന്തി യത്സൂരയഃ।
തേജോവാരിമൃദാം യഥാ വിനിമയോ യത്ര ത്രിസർഗോഽമൃഷാ।
ധാമ്നാ സ്വേന സദാ നിരസ്തകുഹകം സത്യം പരം ധീമഹി।
ഇതില്‍ തേനേ ബ്രഹ്മ ……ആദികവയേ എന്നതിന്‍റെ അര്‍ഥം നോക്കാം.
ഇവിടെ “ബ്രഹ്മ” എന്നതിന് വേദം എന്നാണര്‍ഥം.
പേരും രൂപവും എപ്പോഴും ഒന്നുചേര്‍ന്നാണ് ഇരിക്കുന്നത്.
എന്താണ് ഭഗവാനും വേദവുമായുള്ള ബന്ധം?
എല്ലാ വസ്തുക്കള്‍ക്കും ഒരു പേരും ഒരു രൂപവുമുണ്ട്.
വസ്തുവെന്നാല്‍ ജീവനില്ലാത്തതും ജീവനുള്ളതും എല്ലാം.
ഒരു രൂപമുണ്ടെങ്കില്‍ അതിനൊരു പേരുണ്ട്.
ഒരു പേരുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട ഒരൂ രൂപവുമുണ്ട്.
ഭൗതികമായ രൂപം തന്നെ വേണമെന്നില്ല; ഊര്‍ജ്ജമോ, ചിന്തയോ വികാരമോ ഒക്കെയാകാം.
സങ്കടം എന്ന വാക്ക് കേട്ടാല്‍ നമുക്കറിയാം അതെന്താണെന്ന്; അതിന് പ്രത്യേകമായ ഭൗതികരൂപം ഇല്ലെങ്കില്‍പ്പോലും.
പേരില്ലാത്ത ഒന്നും തന്നെ ഈ പ്രപഞ്ചത്തിലില്ല.
വേദം എന്നത് ഇങ്ങനെയുള്ള എല്ലാ പേരുകളുടേയും വാക്കുകളുടേയും സംഗ്രഹമാണ്; അവ തമ്മില്‍ പരസ്പര ബന്ധങ്ങള്‍ ഉണ്ടെങ്കില്‍ അവയുടേയും.
ജന്മാദ്യസ്യ …..സ്വരാട് എന്നതിലൂടെ പ്രപഞ്ചവും ഭഗവാനുമായുള്ള ബന്ധം മനസ്സിലായി; പ്രപഞ്ചത്തിന്‍റെ നിര്‍മ്മാതാവും അസംസ്കൃതവസ്തുവും രണ്ടും ഭഗവാന്‍ തന്നെയാണെന്ന്.
എന്തുകൊണ്ടാണ് വേദത്തെയും അവിടെ ഉള്‍പ്പെടുത്താതെ ഇങ്ങനെ പ്രത്യേകമായി പറഞ്ഞിരിക്കുന്നത്?
രണ്ടും ഭഗവാനില്‍നിന്നും തന്നെയല്ലേ ഉണ്ടായിരിക്കുന്നത്?
കാരണമുണ്ട്.
ലോകത്തിലെ വിഷയങ്ങളോടുള്ള താത്പര്യം മനുഷ്യനെ ബന്ധനസ്ഥനാക്കും.
വേദത്തിലുള്ള താത്പര്യം മോചിപ്പിക്കും.
ഇതൊരു സന്ദേശമാണ്; വ്യാസമഹര്‍ഷി തരുന്ന ഒരു സന്ദേശം.
ഭഗവാന്‍റെ തന്നെ ഒരംശമാണല്ലോ വേദം.
വേദത്തില്‍ നിന്നുമാണ് ബ്രഹ്മാവ് പ്രപഞ്ചത്തെ നിര്‍മ്മിക്കുന്നത്.
വേദത്തെ മനനം ചെയ്യുമ്പോളാണ് പ്രപഞ്ചം ഉണ്ടാകുന്നത്.
വേദത്തെ ബ്രഹ്മാവ് മനസ്സില്‍ ചൊല്ലുമ്പോള്‍ അതിലുള്ള ഓരോ ശബ്ദത്തിന്‍റേയും തനതായ രൂപങ്ങള്‍ (വസ്തുക്കളും മറ്റും) ആവിര്‍ഭവിക്കുന്നു.
പ്രപഞ്ചത്തിന്‍റെ നിര്‍മ്മാണത്തിനായി വേദത്തെ ബ്രഹ്മാവിന് കൊടുക്കുന്നത് ഭഗവാനാണ്.
ബ്രഹ്മാവിനെ ഇവിടെ ആദികവി എന്നാണ് പറഞ്ഞിരിക്കുന്നത്.
വാല്മീകിയേയും ആദികവി എന്നാണ് വിളിക്കുന്നത്.
അത് അദ്ദേഹം കാവ്യശൈലിയില്‍ ആദ്യമായി രാമായണം രചിച്ചതുകൊണ്ട്.
രാമായണത്തിന് മുമ്പ് കാവ്യങ്ങള്‍ ഉണ്ടായിരുന്നില്ല.
ഇവിടെ കവിയെന്നാല്‍ വിദ്വാന്‍, ജ്ഞാനി.
ഇന്നൂം നമ്മള്‍ കവികളെ കാല്പനികതയുമായി ബന്ധപ്പെടുത്തുന്നില്ലേ?
കവികള്‍ക്ക് സങ്കല്പിക്കാനും സങ്കല്‍പ്പിച്ചതിനെ വാക്കുകളായി മാറ്റാനുമുള്ള കഴിവുണ്ട്.
ബ്രഹ്മാവ് സങ്കല്പിക്കുമ്പോള്‍ സങ്കല്പിച്ചതിന്‍റെ ആവിര്‍ഭാവം തന്നെ സംഭവിക്കും.
ഇതാണ് വ്യത്യാസം.
ഹൃദാ - ബ്രഹ്മാവുമായി ഭഗവാന്‍ ഹൃദയം പങ്കിട്ടു എന്നാണ് പറയുന്നത്.
പ്രപഞ്ചസൃഷ്ടി ഒരു യാന്ത്രികമായ പ്രക്രിയ അല്ല.
ഭഗവാന് അത് എത്രയും പ്രിയപ്പെട്ടതാണ്.
നമ്മളെന്താണ് ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നത്?
രഹസ്യങ്ങള്‍.
പ്രപഞ്ചസൃഷ്ടിയുടെ രഹസ്യങ്ങള്‍ ഭഗവാനും ബ്രഹ്മാവിനും മാത്രമേ അറിയൂ.
പുരാണം ഹൃദയം സ്മൃതം.
ഹൃദയം എന്നതിന് പുരാണം എന്നുമൊരര്‍ഥമുണ്ട്.
വേദം മാത്രമല്ല, പുരാണങ്ങളും ഭഗവാന്‍ ബ്രഹ്മാവിന് നല്‍കി.
എന്തിനായിരിക്കും അത്?
സൃഷ്ടി മുതല്‍ എന്തെല്ലാം നടക്കണം എന്നത് പുരാണങ്ങളിലല്ലേ വര്‍ണ്ണിച്ചിരിക്കുന്നത്.
സൃഷ്ടിക്കപ്പെടാന്‍ പോകുന്ന ലോകത്തില്‍ എന്തെല്ലാണ് നടക്കണമെന്നതും ഭഗവാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരിക്കുന്നു.
ഈ പുരാണങ്ങളെയാണ് ദ്വാപരയുഗത്തില്‍ വ്യാസന്‍ സംഗ്രഹിച്ച് നമുക്ക് തരുന്നത്.
ഭാഗവതത്തിന്‍റെ മാര്‍ഗം വളരെ ലളിതമാണ്. ഭാഗവതം കേട്ടാല്‍ മാത്രം മതി. എല്ലാ നല്ല ഫലങ്ങളും താനേ വന്നോളും.
വേദം അപൗരുഷേയമാണ്. ആരും രചിച്ചതല്ലാ. ഋഷികള്‍ വഴി മന്ത്രരൂപത്തില്‍ പ്രകടമായ അനന്തവും പരമവുമായ ജ്ഞാനത്തിനെയാണ് വേദം എന്ന് പറയുന്നത്.